സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

1,782 ഹെക്ടർ കൃഷിഭൂമി നശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 27,048 പേരാണ് കഴിയുന്നത്.

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകും. പൂർണമായും വീട് തകർന്നവർക്ക് ആറ് ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതം ധനസഹായം നൽകും. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഓരോ കുടുംബത്തിലെയും രണ്ട് പേർക്ക് പ്രതിദിനം 300 രൂപ വീതം അനുവദിക്കുമെന്നും അറിയിച്ചു.

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

അതേസമയം, രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ രാജേഷിൻ്റെ മരണം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജേഷിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Posts