തമിഴ് സിനിമാതാരം തൃഷയ്ക്കെതിരെ വിവാദവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെറ്റ്രി കഴകം ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയും സംസ്ഥാനവ്യാപകമായി ഉയർന്ന പ്രതിഷേധവും ശക്തമായതോടെയാണ് നടപടി.
അറസ്റ്റിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഉദയനിധി നേരത്തേ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ഉദയനിധി തൃഷയ്ക്കെതിരെ ദ്വയാർഥവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശം നടത്തിയതെന്ന ആരോപണം ഉയർന്നത്. സംഭവത്തിന് പിന്നാലെ ടിവികെയും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഡി.എം.കെ. പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.