ഇടുക്കി ജില്ലയിലെ തങ്കമണി പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), ചെമ്പകപ്പാറ ചരിവുകാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൽസ്മോൻ മാത്യു(24), മേലേചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), തോവാള ആശ്രമംപടി പുൽപാറക്കൽ ശരത് സാബു (23), തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്ന പൊലീസ് തിങ്കളാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഈട്ടിത്തോപ്പ് സ്വദേശി തോമസിൻ്റെ വീട്ടിലെ അലമാരയ്ക്കടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോൾ മറ്റ് പ്രതികളും വീട്ടിലുണ്ടായിരുന്നു. എറണാകുളത്തുനിന്ന് ചില്ലറവിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ പലർക്കും ലഹരിമരുന്ന് കേസുകളിൽ മുൻപരിചയമുണ്ടെന്നും സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.
എസ്.ഐ. ബിജു ബേബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു ബേബി, സി.വി. സതീഷ്, പി.ഡി. സേവ്യർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.