മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടന്നു. ബെംഗളൂരുവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ 20 പുതിയ മന്ത്രിമാർ ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മന്ത്രിസഭയിൽ ഒമ്പത് പുതുമുഖങ്ങൾക്ക് അവസരം നൽകിയതോടൊപ്പം, വിവിധ മേഖലകൾക്കും സാമൂഹിക വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് പട്ടിക തയ്യാറാക്കിയത്. മന്ത്രിസഭയിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം ലഭിച്ചത്. പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
മുൻ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവുവിനും മലയാളി കോൺഗ്രസ് നേതാവായ എൻ.എ. ഹാരിസിനും ഇത്തവണ മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. അതേസമയം, വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞ സമീർ അഹമ്മദ് ഖാൻ വീണ്ടും മന്ത്രിസ്ഥാനത്ത് തുടരുകയാണ്.
ജി.എസ്. പാട്ടീലിനെ നിയമസഭാ സ്പീക്കറായും പൊന്നണ്ണയെ ഡെപ്യൂട്ടി സ്പീക്കറായും തീരുമാനിച്ചു. കർണാടക നിയമസഭാ കൗൺസിലിന്റെ ചെയർമാനായി സലീം അഹമ്മദിനെയും ഡെപ്യൂട്ടി ചെയർപേഴ്സണായി ഉമാശ്രീയെയും നിശ്ചയിച്ചിട്ടുണ്ട്.
പി.എം. നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടഗി, രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, സമീർ അഹമ്മദ് ഖാൻ, റിസ്വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിങ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, ബസവരാജ് രായറെഡ്ഡി, വിജയാനന്ദ കഷപ്പനവർ, ലക്ഷ്മൺ സാവഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.
പ്രാദേശിക-സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കിയും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കിയും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുകയുമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.