കർണാടകയിലെ ശിവമോഗ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ദിരാനഗറിൽ ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ദുരന്തമുണ്ടായത്. മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മകൻ സന്തോഷ് (3) എന്നിവരാണ് മരിച്ചത്.

ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. വിവരം ലഭിച്ച ഉടൻ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂവരുടെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി.

അപകടത്തിൽ സമീപത്തെ മറ്റൊരു വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related Posts