മലപ്പുറം താനൂരില്‍ നിന്നും നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സഹായിച്ചു എന്ന് ആരോപണമുള്ള യുവാവ് കസ്റ്റഡിയില്‍. തിരൂരില്‍ നിന്നാണ് മുംബൈയില്‍ നിന്ന് മടങ്ങിയ റഹീം അസ്‌ലം എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ റഹീം അസ്‌ലമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. താനൂരില്‍ നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികളും ശനിയാഴ്ച വീടുകളിലെത്തും.

ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹീം അസ്‌ലം ഒപ്പം പോയതെന്ന് റഹീമിൻ്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

യാത്രചെയ്യാനുള്ള താത്പര്യംകൊണ്ടും മുടിമുറിച്ച് സ്‌റ്റൈലാകണമെന്ന ആഗ്രഹം വീട്ടുകാര്‍ അനുവദിക്കാത്തതുകൊണ്ടുമൊക്കെയാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നും കുട്ടികൾ പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ റഹീം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

എന്നാല്‍, വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ നിഗമനങ്ങളില്‍ എത്താന്‍ കഴിയൂ എന്നാണ് പോലിസ് പറയുന്നത്. വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തില്‍ ഇടപെട്ട് മുംബൈയില്‍ നല്ല പരിചയമുള്ളയാളാണ് യുവാവ്. കുട്ടികളുടെ നിര്‍ബന്ധംകൊണ്ടാണ് ഒപ്പം പോയതെന്നാണ് യുവാവ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇത്രദൂരം യാത്രചെയ്യാനും സ്വര്‍ണം വില്‍ക്കാനും ബ്യൂട്ടിപാര്‍ലര്‍ കണ്ടെത്താനും പുതിയ സിംകാര്‍ഡ് വാങ്ങാനുമൊക്കെ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്.

Related Posts