സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡു ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ കുറവ് വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച 35,000 കോടി രൂപയുടെ തദ്ദേശ പദ്ധതി വിഹിതത്തിൽ 20,000 കോടി രൂപ യാഥാർഥ്യത്തിൽ ലഭ്യമല്ലാത്ത തുകയായിരുന്നുവെന്നും അത് കണ്ടെത്താനുള്ള മാർഗം വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ നിന്ന് ഏകദേശം 14,000 കോടി രൂപ ലഭിക്കാനിടയുണ്ടെന്നും എന്നാൽ കേന്ദ്ര ധനസഹായം നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായതിനാൽ മറ്റ് ആവശ്യങ്ങൾക്ക് മാറ്റി ചെലവഴിക്കാൻ കഴിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
16-ാം ധനകാര്യ കമ്മീഷൻ്റെ ഗ്രാമ-നഗര വിഭാഗീകരണം കേരളത്തിൻ്റെ സാഹചര്യത്തിന് അനുയോജ്യമല്ലെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ പല പ്രദേശങ്ങളും നഗര സ്വഭാവമുള്ളതായി കണക്കാക്കിയതിനെ തുടർന്ന് ഗ്രാമീണ മേഖലകൾക്ക് ലഭിക്കേണ്ട വിഹിതം കുറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.