പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ സേവനം അവസാനിപ്പിക്കാൻ ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുകൾ ഒരുങ്ങുന്നു. ഡെലിവറി ആപ്പുകളുടെ ഉയർന്ന കമ്മീഷനും അനാവശ്യ ഡിസ്കൗണ്ട് രീതികളും എതിർത്താണ് ഹോട്ടൽ ഉടമകളുടെ തീരുമാനം.
ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരു പ്ലാറ്റ്ഫോമുകളുമായുള്ള സഹകരണം പൂർണമായി അവസാനിപ്പിക്കുമെന്ന് റെസ്റ്റോറന്റ് അസോസിയേഷനുകൾ മുന്നറിയിപ്പ് നൽകി.
ഹോട്ടൽ വ്യവസായം വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിനിടയിൽ ഡെലിവറി ആപ്പുകളുടെ കമ്മീഷൻ വലിയ സാമ്പത്തിക ബാധ്യതയാകുന്നുവെന്നാണ് ഉടമകളുടെ പരാതി.
ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ നിരക്ക് കുറയ്ക്കണം ഹോട്ടലുകളുടെ അനുമതിയില്ലാതെ നൽകുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും അവസാനിപ്പിക്കണം പ്രമോഷൻ, പരസ്യ ക്യാമ്പയിനുകൾക്കായി വരുമാനത്തിൽ നിന്ന് തുക ഈടാക്കരുത് ഉപഭോക്തൃ പരാതികളുടെ പേരിൽ ഏകപക്ഷീയമായി പണം പിടിച്ചുവയ്ക്കുന്ന നടപടി ഒഴിവാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഭക്ഷണം തയ്യാറാക്കിയ ശേഷം ഉപഭോക്താവ് ഓർഡർ റദ്ദാക്കിയാൽ ഉണ്ടാകുന്ന നഷ്ടം പൂർണമായും ഹോട്ടലുകൾ വഹിക്കേണ്ടിവരുന്നതായും വ്യാപാരികൾ ആരോപിച്ചു.
ഡെലിവറി ആപ്പുകൾ നഗരത്തിലെ ഭക്ഷണ വിതരണ മേഖലയിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കമ്മീഷൻ ഘടനയും വ്യാപാര നയങ്ങളും സംബന്ധിച്ച തർക്കം രൂക്ഷമാകുകയാണ്. ഓഗസ്റ്റ് 15ന് മുമ്പ് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ബെംഗളൂരുവിലെ ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.