യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വിമാനത്താവള അധികൃതരും കസ്റ്റംസും പ്രത്യേക മുന്നറിയിപ്പ് നൽകി. ലഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളെക്കുറിച്ചാണ് പുതിയ നിർദേശം. നിയമലംഘനം കണ്ടെത്തിയാൽ സാധനങ്ങൾ പിടിച്ചെടുക്കുന്നതിന് പുറമെ പിഴയും നിയമനടപടിയും നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ വിലക്കുള്ള വസ്തുക്കളുടെ പട്ടിക മുൻകൂട്ടി പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഹാൻഡ് ലഗേജിൽ അനുവദിക്കാത്തവ

അളവെടുക്കുന്ന ടേപ്പ്, ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ്ബോർഡ്, മത്സ്യബന്ധന ചൂണ്ട, തോക്കിന് സമാനമായ കളിപ്പാട്ടങ്ങൾ, അമ്പും വില്ലും, ഡാർട്ടുകൾ തുടങ്ങിയവ ഹാൻഡ് ലഗേജിൽ അനുവദിക്കില്ല.

കസ്‌കസ് (പോപ്പി സീഡ്) യുഎഇയിൽ നിയന്ത്രിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഭക്ഷണത്തിൽ ചേർത്ത രൂപത്തിലാണെങ്കിലും കൊണ്ടുപോകാൻ പാടില്ല. പന്നിയിറച്ചിയും അതിൽനിന്നുള്ള ലാർഡ്, ജെലാറ്റിൻ, ബേക്കൺ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും വിലക്കുണ്ട്.

പഴങ്ങളും മരുന്നുകളും ശ്രദ്ധിക്കുക

ഇത്തിഹാദ് ഉൾപ്പെടെയുള്ള ചില വിമാനക്കമ്പനികൾ ശക്തമായ മണമുള്ള പഴങ്ങളായ ചക്ക, ദുരിയാൻ, പെഡലായ്, മറാംഗ് എന്നിവ വിമാനത്തിൽ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിൽ നിയമാനുസൃതമായി ലഭിക്കുന്ന ചില മരുന്നുകൾ യുഎഇയിൽ നിയന്ത്രിത വിഭാഗത്തിൽപ്പെടുന്നതിനാൽ, ഡോക്ടറുടെ കുറിപ്പില്ലാതെ സൈക്കോട്രോപിക് അല്ലെങ്കിൽ ലഹരി വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. കഞ്ചാവും സിബിഡി ഓയിലും യുഎഇയിൽ പൂർണമായും നിരോധിച്ചിരിക്കുന്നു.

മറ്റ് നിരോധിത വസ്തുക്കൾ

ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽ ആറ് സെന്റിമീറ്ററിലധികം നീളമുള്ള കത്തികൾ, വാളുകൾ, ബോക്സ് കട്ടറുകൾ എന്നിവ അനുവദിക്കില്ല. സ്ഫോടക വസ്തുക്കൾ, ഫയർ എക്സ്റ്റിംഗ്വിഷറുകൾ, അമോണിയ ലായനികൾ, ലഹരിമരുന്നുകൾ, ചൂതാട്ട ഉപകരണങ്ങൾ, ആനക്കൊമ്പ്, റേഡിയോ ആക്ടീവ് വസ്തുക്കൾ, വ്യാജ കറൻസി, രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ എന്നിവയും യുഎഇയിലേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാണ്.

യാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനികളുടെയും യുഎഇ കസ്റ്റംസിൻ്റെയും പുതുക്കിയ മാർഗനിർദേശങ്ങൾ പരിശോധിച്ച് ലഗേജ് തയ്യാറാക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.

Related Posts