കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ 23-കാരിയായ ഭാര്യയെ കൊലപ്പെടുത്തി മാതാപിതാക്കളെ വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കാണിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഗലി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഭാഗ്യശ്രീ ജിഗലൂർ (23) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രവീൺ ജിഗലൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിൽ, പ്രവീൺ നേരത്തെയും ഭാഗ്യശ്രീയെ ഇതേ സംശയത്തിൻ്റെ പേരിൽ പലതവണ മർദിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള തുടർച്ചയായ കുടുംബവഴക്കിനെ തുടർന്ന് ഭാഗ്യശ്രീ കഴിഞ്ഞ രണ്ട് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. പ്രശ്നങ്ങൾ അവസാനിപ്പിച്ച് സമാധാനത്തോടെ ജീവിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് യുവതി ഭർതൃവീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ തിരിച്ചെത്തിയ അതേ ദിവസം തന്നെ പ്രവീൺ മരക്കഷണം കൊണ്ട് ക്രൂരമായി മർദിച്ചശേഷം ഭാഗ്യശ്രീയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ശ്വാസം കിട്ടാതെ പിടയുന്ന ദൃശ്യങ്ങൾ യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളിലൂടെ തത്സമയം കാണിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവത്തിൻ്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചതായും പൊലീസ് കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. കൊലപാതകത്തിൻ്റെ സാഹചര്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts