‘അമ്മ’ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്ന് പിഷാരടി പറഞ്ഞു. എന്നാൽ, ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സ്ഥാനമൊഴിഞ്ഞതായും അദ്ദേഹം കോടതിയെ അറിയിച്ചു.

ശ്വേത മേനോൻ ‘അമ്മ’ സംഘടനയിൽ നിന്ന് രാജിവെച്ചെങ്കിലും, മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ കൈമാറിയിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പിഷാരടി ചൂണ്ടിക്കാട്ടി. അതിനാൽ, കേസിൽ തൻ്റെ പേരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേഷ് പിഷാരടി കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുന്നതിനിടെ പിഷാരടിയുടെ പുതിയ ആരോപണങ്ങൾ വിഷയത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ്.

Related Posts