ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു. ഇന്ന് വൈകിട്ടുണ്ടായ സംഭവത്തെ തുടർന്ന് യെല്ലോ ലൈൻ മെട്രോ സർവീസുകൾക്ക് താൽക്കാലിക തടസ്സമുണ്ടായി.
വൈകിട്ട് 5.50ഓടെയാണ് സംഭവം നടന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അറിയിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ സ്റ്റേഷൻ കൺട്രോളറും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ട്രാക്ഷൻ പവർ മുൻകരുതലായി വിച്ഛേദിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഇലക്ട്രോണിക് സിറ്റിക്കും ബൊമ്മസന്ദ്രയ്ക്കുമിടയിൽ മാത്രമായി യെല്ലോ ലൈൻ സർവീസ് താൽക്കാലികമായി പരിമിതപ്പെടുത്തി. പിന്നീട് സാധാരണ സർവീസ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബി.എം.ആർ.സി.എൽ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു.
മരിച്ചയാളുടെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണത്തിലേക്കു നയിച്ച സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.