സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ മൊഴിയെടുക്കാൻ കോടതിയിൽ ഹാജരാകാൻ നിർദേശം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അൻസിബയോട് അടുത്ത മാസം 29-ന് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി മാനനഷ്ടത്തിൻ്റെ പരിധിയിൽ വരുന്നതാണെന്നും ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
ഇതിന് മറുപടിയായി, തൻ്റെ പരാതി വെറും മാനനഷ്ടവുമായി ബന്ധപ്പെട്ടതല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉണ്ടായതെന്നും അതിനാൽ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് അൻസിബ കോടതിയെ അറിയിച്ചത്.