കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും ശിവമൊഗ്ഗ മുൻ എംഎൽഎയുമായ എച്ച്.എം. ചന്ദ്രശേഖരപ്പ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് ശിവമൊഗ്ഗ ജില്ലയിലെ ഹൊസഹള്ളിയിൽ നടക്കും.
1999-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവമൊഗ്ഗ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ചന്ദ്രശേഖരപ്പ, ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. രാഷ്ട്രീയ ജീവിതത്തിൽ ലാളിത്യത്തിനും ജനകീയ ഇടപെടലുകൾക്കും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക-സാംസ്കാരിക രംഗത്തും സജീവമായിരുന്ന അദ്ദേഹം അഖില ഭാരത വീരശൈവ മഹാസഭയുടെ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.