കർണാടകയിലെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് കേന്ദ്ര സർക്കാറിൻ്റെ അംഗീകാരവും സാമ്പത്തിക സഹായവും ആവശ്യപ്പെട്ട് ജലസേചന വകുപ്പ് വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഡൽഹിയിൽ കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീലിനെ സന്ദർശിച്ചാണ് ആവശ്യം ഉന്നയിച്ചതെന്ന് ഉപമുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി ജലസേചന പദ്ധതി പ്രകാരം 11,123 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ആറ് പദ്ധതികൾ.
ഭീമ നദിക്ക് കുറുകെയുള്ള സോന്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രകാരം 16,000 ഹെക്ടറിൽ പുതിയ ജലസേചന സാധ്യത സൃഷ്ടിക്കൽ, മാലപ്രഭ കനാൽ സംവിധാനങ്ങളിലെ നവീകരണ, വിപുലീകരണ, ആധുനി കവത്കരണ പ്രവർത്തനങ്ങൾ, അപ്പർ കൃഷ്ണ പദ്ധതിയുടെ കീഴിലുള്ള ഇൻഡി ബ്രാഞ്ച് കനാൽ, തുംഗഭദ്ര ഇടതുകര കനാൽ, ചിക്കോടി ബ്രാഞ്ച് കനാൽ, ഘട്ടപ്രഭവലതുകര കനാൽ എന്നിവയാണ് പദ്ധതികൾ.
വിജയപുര, റായ്ച്ചൂർ, ബെളഗാവി, ബാഗൽകോട്ട്, ധാർവാഡ്, കൊപ്പാൽ, ഗദഗ് ജില്ലകൾക്ക് ഈ നിർദിഷ്ട പദ്ധതികൾ പ്രയോജനപ്പെടും. കർണാടകയിലെ നിലവിലുള്ള മേക്കാദാട്ടു പദ്ധതിക്കുള്ള അംഗീകാരങ്ങൾ, അപ്പർ ഭദ്ര പദ്ധതിക്കുള്ള കേന്ദ്ര സഹായം, കൃഷ്ണണ ജല വിതരണ ട്രൈബ്യൂണൽ-രണ്ട് അവാർഡിനുള്ള ഗസറ്റ് വിജ്ഞാപനം, കലാസ-ഭണ്ഡുരി കനാൽ പദ്ധതികൾക്കുള്ള അനുമതി, മഹാനദി-ഗോദാവരി തടത്തിൽനിന്ന് മിച്ച ജലം കൃഷ്ണ-കാവേരി, പെണ്ണാർ-പാലാർ തടത്തിലേക്ക് തിരിച്ചുവിടൽ.
കാര്യക്ഷമമായ ജലസേചന മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിനായി കനാൽ സംവിധാനങ്ങളുടെയും അണക്കെട്ടുകളുടെയും ഓട്ടോമേഷനുള്ള നിർദേശം എന്നിവ ഉടൻ സമർപ്പിക്കുമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചു.