കെ.എസ്.എഫ്.ഡി.സി (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍) നിര്‍മ്മിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ രണ്ട് സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നു. വി. എസ്. സനോജ് സംവിധാനം ചെയ്ത “അരിക്’, സി. എസ്. മനോജ് കുമാർ സംവിധാനം ചെയ്‌ത “പ്രളയശേഷം ഒരു ജലകന്യക’ എന്നിവയാണ് റിലീസാകുന്നത്. പ്രദർശന ഉദ്ഘാടനം വെള്ളി രാവിലെ 9 ന് തിരുവനന്തപുരം ശ്രീ തിയേറ്ററിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ‘അരിക്’ ഫെബ്രുവരി 28 നും, ‘പ്രളയശേഷം ഒരു ജലകന്യക’ മാർച്ച് 7 നുമാണ് തിയേറ്ററുകളിലെത്തുന്നത്.

അരികിൽ സെന്തിൽ കൃഷ്‌ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനോജും ജോബി വർഗീസും ചേർന്നാണ് തിരക്കഥ. സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിൻ്റെ കാഴ്‌ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ഛായാഗ്രഹണം മനേഷ് മാധവൻ, ദേശീയ–അന്താരാഷ്ട്ര മേളകളിൽ പ്രശസ്‌തമായ ‘ബേണിങ്ങി’ൻ്റെ സംവിധായകനാണ് മാധ്യമപ്രവർത്തകനായ സനോജ്. തൃശൂർ വേലൂർ സ്വദേശിയാണ്.

അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു വലിയ വീട്ടിൽ ഒറ്റപ്പെട്ടുപോവുന്ന വൃദ്ധ ദമ്പതികളുടെ കഥയാണ് “പ്രളയശേഷം ഒരു ജലകന്യക’ സി എസ് മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഹരികൃഷ്‌ണൻ ലോഹിതദാസ്. ഗോകുലൻ, ആശ അരവിന്ദ്, രഞ്ജിത് ലളിതം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാടകപ്രവർത്തകൻകൂടിയാണ് മനോജ്. എറണാകുളം കളമശേരി സ്വദേശിയാണ്.

വനിതാശാക്തീകരണത്തിൻ്റെയും എസ്‌സി, എസ്‌ടി ശാക്തീകരണത്തിൻ്റെയും ഭാഗമായുള്ള സിനിമാപദ്ധതിയിൽ ഓരോ സിനിമയ്ക്കും ഒന്നരക്കോടി രൂപവീതമാണ് നൽകുന്നത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുളള പദ്ധതി. നാല് വനിതാസംവിധായകരുടെ ചിത്രങ്ങളുംഎസ്‌സി, എസ്‌ടി വിഭാഗത്തിൽ ഒരുസിനിമയും ഇതിനകം തിയേറ്ററിൽ റിലീസ് ചെയ്‌തു. നാല് സിനിമകൾ നിർമ്മാണഘട്ടത്തിലാണ്.

Related Posts