വൻ ജനപങ്കാളിത്തത്തോടെ നടന്ന വിപ്രോ ബെംഗളൂരു മാരത്തണിൻ്റെ 13-ാം പതിപ്പ് സംഘാടനത്തിലെ വീഴ്ചകളെ തുടർന്ന് വിവാദത്തിൽ. കുടിവെള്ളത്തിൻ്റെ അപര്യാപ്തത, ആവശ്യത്തിന് ശൗചാലയങ്ങൾ ഒരുക്കാത്തത്, മോശം ജനക്കൂട്ട നിയന്ത്രണം തുടങ്ങിയവ ചൂണ്ടിക്കാട്ടി നിരവധി മത്സരാർഥികളാണ് രംഗത്തെത്തിയത്. എൻ.ഇ.ബി സ്പോർട്സ് സംഘടിപ്പിച്ച മാരത്തണിൽ 4,500-ലധികം പേർ പങ്കെടുത്തു.

മാരത്തണിൽ പങ്കെടുത്ത ഷാസ് എ. ഖാൻ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമായും പരാതികൾ ഉന്നയിച്ചത്. ആറാം കിലോമീറ്റർ മുതൽ 16–17 കിലോമീറ്റർ വരെയുള്ള പല വാട്ടർ സ്റ്റേഷനുകളിലും വെള്ളം ലഭ്യമായിരുന്നില്ലെന്നാണ് ആരോപണം. പ്രത്യേകിച്ച് എം.ജി. റോഡ് ഫ്ലൈഓവർ ഭാഗത്ത് വെള്ളം കിട്ടാതെ നിരവധി പേർ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു.

മാരത്തൺ പൂർത്തിയാക്കിയവരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലും തിരക്ക് അനുഭവപ്പെട്ടതായി ബെംഗളൂരു സ്വദേശിയായ ശ്രീതിലേഖ ആരോപിച്ചു. 10 കിലോമീറ്ററിന് ശേഷം കുടിവെള്ളം തീർന്നതും ഉപയോഗിച്ച പ്ലാസ്റ്റിക് കപ്പുകൾ വീണ്ടും ഉപയോഗിച്ചതും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും അവർ പങ്കുവച്ചു.

സമാനമായ പരാതികൾ നേരത്തെയും ഉയർന്നിരുന്നുവെന്ന് റണ്ണിംഗ് ജീനി സ്ഥാപകൻ പ്രശാന്ത് വൈദ്യ പ്രതികരിച്ചു. അതേസമയം, സംഘാടനത്തിൽ വീഴ്ച സംഭവിച്ചതായി എൻ.ഇ.ബി സ്പോർട്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നാഗരാജ് അടിഗ സമ്മതിച്ചു. പരിസ്ഥിതി സൗഹൃദ നടപടിയുടെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം പുനരുപയോഗിക്കാവുന്ന കപ്പുകളിലും പാത്രങ്ങളിലുമാണ് വെള്ളം നൽകിയതെന്നും, റൂട്ടിലെ ഒരു ഭാഗത്ത് ഇവ വീണ്ടും നിറയ്ക്കുന്നതിലുണ്ടായ കാലതാമസമാണ് പ്രശ്നത്തിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.

Related Posts