എൻഎസ്എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണ ചടങ്ങുകളും ആഗസ്റ്റ് 12-ന് അൾസൂർ തടാകത്തിനോട് ചേർന്നുള്ള കല്യാണി തീർത്ഥത്തിൽ നടക്കും. പുലർച്ചെ 3.30 മുതൽ രാവിലെ 9 മണിവരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള പരിചയസമ്പന്നരായ കർമ്മികളുടെ നേതൃത്വത്തിലായിരിക്കും പിതൃതർപ്പണ ചടങ്ങുകൾ നടക്കുക. പാലക്കാട് മാത്തൂർ മനയിലെ പരമേശ്വരൻ തിരുമേനിയാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്.
പിതൃതർപ്പണത്തിന് ആവശ്യമായ മുഴുവൻ പൂജാസാമഗ്രികളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങുകൾക്ക് ശേഷം പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണവും വിതരണം ചെയ്യും.
പിതൃതർപ്പണത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശന കൂപ്പണുകൾ എൻഎസ്എസ് കർണാടകയുടെ എല്ലാ കരയോഗങ്ങളിലും ലഭ്യമാണ്. കൂടാതെ, ചടങ്ങ് നടക്കുന്ന ദിവസം പുലർച്ചെ മുതൽ അൾസൂർ തടാകത്തിനോട് ചേർന്നുള്ള കൗണ്ടറിലും കൂപ്പണുകൾ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് പി. എം. ശശീന്ദ്രൻ (9886645640), ഹരീഷ് കുമാർ (9008553751) എന്നിവരുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ ആർ. ഹരീഷ് കുമാർ അറിയിച്ചു.