വിനോദസഞ്ചാര മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കുന്നതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് കർണാടക മന്ത്രി കെ.ജെ. ജോർജ് അറിയിച്ചു. നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് കർണാടകയെ രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് (IITM) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാര പദ്ധതികൾക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം, ഹോസ്പിറ്റാലിറ്റി, ട്രാവൽ, അനുബന്ധ മേഖലകളിലെ നിക്ഷേപകരെ ആകർഷിക്കുന്നതിനാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും, സ്വകാര്യ പങ്കാളിത്തത്തിലൂടെ വിനോദസഞ്ചാര മേഖലയുടെ വികസനം ശക്തിപ്പെടുത്താനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം-ട്രാവൽ മേഖലയിലെ സംരംഭകരും പ്രതിനിധികളും പങ്കെടുക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് നാളെ സമാപിക്കും.

Related Posts