മൈസൂരു വിമാനത്താവളത്തിൽ കടുവയെ കണ്ടെത്തി. ഞായറാഴ്‌ച രാത്രി പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കടുവയെ ആദ്യം കണ്ടത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് കടുവയെ കണ്ടത്. തിങ്കളാഴ്‌ച രാവിലെ വിമാനത്താവളപരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞു. തിങ്കളാഴ്ച്‌ച രാവിലെ റൺവേയിലേക്ക് നീങ്ങിയ കടുവ പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു.

ഇന്നലെ രാവിലെ മുതൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. കടുവയെ കണ്ടെത്തിയാൽ കീഴ്പ്‌പെടുത്താൻ നാല് ദസറ ആനകളെയും എത്തിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, മൃഗഡോക്‌ടർ, പുള്ളിപ്പുലി ടാസ്‌ക്‌ ഫോഴ്സ്, ആന ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ, നൂറിലധികം വരുന്ന വനംവകുപ്പ് ജീവനക്കാർ എന്നിവരാണ് കടുവയെ കണ്ടെത്തി പിടികൂടാനുള്ള ദൗത്യം ആരംഭിച്ചിരിക്കുന്നത്. വിമാനത്താവളത്തിനു പിന്നിൽ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലിയിലൂടെ കടുവ അകത്തുകടന്നിരിക്കാമെന്നാണ് നിഗമനം. കടുവ വിമാനത്താവള വളപ്പിനുള്ളിൽത്തന്നെ ഉണ്ടാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

Related Posts