പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷുഹൈബ് കേസിൽ ഒന്നാം പ്രതിയാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ ഒളിവിലായിരുന്നു.
ക്രൈംബ്രാഞ്ച് സംഘം ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തിയിരുന്നു. അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ ആണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നാണ് കണ്ടെത്തൽ. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അബ്ദുൽ നാസറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ഇയാൾ എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ അധ്യാപകരായ ജിഷ്ണുവും ഫഹദും നേരത്തേ അറസ്റ്റിലായിരുന്നു. പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത് ഫഹദിനെ ചോദ്യം ചെയ്തതിലൂടെയാണ്.