ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡണ്ട് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് എസ്‌ഐടി അറിയിച്ചത്.
കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ്, താൻ ഏത് നിമിഷവും അറസ്റ്റിലാകാമെന്ന് സൂചിപ്പിച്ച് പി.എസ്. പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് അന്വേഷണസംഘത്തിൻ്റെ നടപടി.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ 2025-ൽ ചട്ടങ്ങൾ ലംഘിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. 2019-ലെ സ്വർണക്കവർച്ചയും സാമ്പത്തിക ക്രമക്കേടുകളും മറച്ചുവെക്കുന്നതിനായാണ് പിന്നീട് സ്വർണപ്പാളികൾ വീണ്ടും പൂശിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
പി.എസ്. പ്രശാന്ത് ഉൾപ്പെടെ ഏഴ് പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കഴിഞ്ഞ മാസം ഹൈക്കോടതിയെ എസ്‌ഐടി അറിയിച്ചിരുന്നു. വിശ്വാസവഞ്ചനയും ഗൂഢാലോചനയും നടത്തിയെന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്ന സൂചനയും അന്വേഷണസംഘം നൽകിയിട്ടുണ്ട്.
ദേവസ്വം ബോർഡിലെ മുൻ അംഗം എ. അജികുമാർ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരും കേസിലെ പ്രതിപ്പട്ടികയിലുണ്ട്.
അതേസമയം, താൻ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പി.എസ്. പ്രശാന്തിൻ്റെ വിശദീകരണം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി വളരെ കുറച്ച് തവണ മാത്രമാണ് നേരിൽ കണ്ടതും ഫോണിൽ സംസാരിച്ചതുമെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി കേസ് നേരിടുമെന്നും പി.എസ്. പ്രശാന്ത് പ്രതികരിച്ചു.