ബെംഗളൂരുവിലെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരു ജില്ലയിലെ സിറയിൽ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ മുന്നോട്ടുവച്ച നിർദേശത്തിന് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയത്തിന് പുതിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു.
നിലവിൽ ബെംഗളൂരു നഗരത്തിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിൻ്റെയും തിരക്ക് കണക്കിലെടുത്ത് രണ്ടാമത്തെ വിമാനത്താവളത്തിൻ്റെ സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണ്. ഇതിനിടെ തുമകൂരു ജില്ലയിലെ സിറ പ്രദേശം ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമാണെന്ന് വി. സോമണ്ണ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മധ്യ-വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിനും കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും സിറയിലെ വിമാനത്താവളം സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുമകൂരു, ചിക്കമഗളൂരു, ദാവൻഗരെ, ചിത്രദുർഗ, ബല്ലാരി, ഹാവേരി, റായ്ച്ചൂർ തുടങ്ങിയ ജില്ലകളിലെ ജനപ്രതിനിധികളും നേരത്തെ ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിരുന്നു.
അതേസമയം, ബെംഗളൂരുവിൻ്റെ രണ്ടാമത്തെ വിമാനത്താവളം തുമകൂരിൽ സ്ഥാപിക്കണമെന്ന ആവശ്യം കർണാടക ബിജെപി സംസ്ഥാന പ്രസിഡണ്ട് ബി.വൈ. വിജയേന്ദ്രയും അടുത്തിടെ ഉന്നയിച്ചിരുന്നു. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ പിന്തുണ കൂടി ലഭിച്ചതോടെ ഈ നിർദേശം രാഷ്ട്രീയതലത്തിലും കൂടുതൽ ചർച്ചയാകുകയാണ്.
വിമാനത്താവളം യാഥാർഥ്യമായാൽ തുമകൂരു ഉൾപ്പെടെയുള്ള മധ്യ-വടക്കൻ കർണാടക ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ അവസരങ്ങൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും വലിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാരിൻ്റെ പരിഗണനയ്ക്ക് ശേഷമായിരിക്കും.