കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിൽ നിന്ന് ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനും കോസ്റ്റ് ഗാർഡിനും നന്ദി അറിയിച്ച് ഇന്ത്യയിലെ ചൈനയുടെ പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ. കഴിഞ്ഞ വർഷം കേരള തീരത്ത് നടന്ന രക്ഷാപ്രവർത്തനം ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് യു ജിയാൻ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചത്. 2025 ജൂണിൽ കേരളത്തിലെ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച് പൊട്ടിത്തെറിച്ച എം.വി. വാൻ ഹൈ 503 എന്ന ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഭവമാണ് അദ്ദേഹം ഓർമിപ്പിച്ചത്.

“കേരള തീരത്ത് തീപിടിച്ച കപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് ഞങ്ങൾ ഒരിക്കലും മറക്കില്ല,” എന്ന് യു ജിയാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയും ചൈനയും പ്രധാനപ്പെട്ട അയൽരാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ ഭിന്നതകളേക്കാൾ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര-സൈനിക തലങ്ങളിൽ കൂടുതൽ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്താൻ ചൈന തയ്യാറാണെന്നും പരസ്പര വിശ്വാസം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ ദൗത്യങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുടെയും ചൈനയുടെയും സായുധ സേനകൾ നൽകിയ സംഭാവനകളെയും യു ജിയാൻ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കൾ തമ്മിലുള്ള സമീപകാല കൂടിക്കാഴ്ചകൾക്ക് പിന്നാലെ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശം ശ്രദ്ധേയമാകുന്നത്.

Related Posts