ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഹരിയാന, ജമ്മു കശ്മീർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 10 പേരെ കാണാതായ വിവരം പുറത്തുവന്നത്. കാണാതായവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കശ്മീരിൽ നിന്നുള്ള മൂന്ന് പേർ ഉൾപ്പെടെ 10 പേരെ കാണാനില്ലെന്ന വിവരം ഇന്ന് ഉച്ചയോടെയാണ് ഇന്റലിജൻസ് വൃത്തങ്ങൾ പുറത്തുവിട്ടത്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ അമോണിയം നൈട്രേറ്റ് ഫ്യൂവൽ ഓയിൽ നിറച്ച് സ്ഫോടനം നടത്തിയ സംഘത്തിൻ്റെ ഭാഗമായവരാകാം ഇപ്പോൾ കാണാതായവർ എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പ്രധാന കേന്ദ്രം ഈ സർവകലാശാല ആയിരിക്കാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതുന്ന പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, കൂടുതൽ ചാവേർ ആക്രമണങ്ങൾക്കായി സംഭാവന നൽകാൻ ആഹ്വാനം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു