ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ലഭിച്ച ശിക്ഷയുടെ നടപ്പാക്കൽ മുംബൈ ദിൻദോഷി സെഷൻസ് കോടതി മരവിപ്പിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാപ്പൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി.

പിഴത്തുകയുടെ 20 ശതമാനം, അതായത് 1.06 കോടി രൂപ, ഡിസംബർ 18നകം കെട്ടിവയ്ക്കാൻ കോടതി നിർദേശിച്ചു. നിശ്ചിത സമയത്തിനകം തുക അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് ചെക്ക് കേസുകളിലാണ് കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചത്. പത്തുവർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിൽ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.

അതേസമയം, ശിക്ഷയുടെ പശ്ചാത്തലത്തിൽ മാണി സി. കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നൽകിയ പരാതി തള്ളിയതായും സൂചനയുണ്ട്.

Related Posts