നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിൻ്റെ അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമിഴക വെട്രി കഴകം (ടിവികെ) ആവശ്യപ്പെട്ടു. വിദ്യാഭ്യാസം കൂടുതൽ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാക്കണമെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഡൽഹിയിൽ തുടരുന്ന പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെയാണ് ടിവികെയുടെ പ്രതികരണം.

നീറ്റ് റദ്ദാക്കുമെന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ വാഗ്ദാനങ്ങളുടെ ഭാഗമാകില്ലെന്നും ടിവികെ വ്യക്തമാക്കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ നീറ്റ് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയെ പരോക്ഷമായി വിമർശിച്ചാണ് പാർട്ടിയുടെ പരാമർശം.

വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണമെന്നും മെഡിക്കൽ പ്രവേശന നടപടികൾ ഓരോ സംസ്ഥാനത്തിനും സ്വതന്ത്രമായി നടത്താൻ അവസരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്നും നേതൃത്വം അറിയിച്ചു.

അതേസമയം, നീറ്റ് യു.ജി. 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടിവന്ന സാഹചര്യം ദേശീയതല പ്രവേശന പരീക്ഷാ സംവിധാനത്തിൻ്റെ ഗുരുതരമായ പോരായ്മകളാണ് പുറത്തുകൊണ്ടുവന്നതെന്ന് ടിവികെ ചൂണ്ടിക്കാട്ടി. പരീക്ഷ റദ്ദാക്കിയതോടെ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഉയർന്ന പഠന സ്വപ്നങ്ങൾ അനിശ്ചിതത്വത്തിലായെന്നും പാർട്ടി വിമർശിച്ചു.

Related Posts