കോവിഡ് വാക്സിനേഷനും രാജ്യത്ത് ഉയർന്നുവരുന്ന ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. എൻസിഡിസിയുടെയും (National Centre for Disease Control) ഐസിഎംആറിൻ്റെയും( Indian Council of Medical Research) പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹൃദയാഘാതവും കോവിഡ് വാക്‌സിനും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയത്. വിവിധ ഏജൻസികളിലൂടെ രാജ്യത്തെ ഹൃദയാഘാത മരണങ്ങളുടെ വർദ്ധനവിൽ അന്വേഷണം നടത്തിവരികയാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സുരക്ഷിതവും ഫലപ്രദവുമാണ് രാജ്യത്ത് വിതരണം ചെയ്‌ത കോവിഡ് വാക്‌സിനുകൾ എന്ന് ഐസിഎംആർ-എൻസിഡിസി പഠനങ്ങൾ പറയുന്നു. ഗുരുതരമായ പാർശ്വഫലങ്ങൾക്കുള്ള സാധ്യത അത്യപൂർവം ആണ്. പെട്ടെന്നുള്ള ഹൃദയസ്‌തംഭനങ്ങൾക്ക് പിന്നിൽ ജനിതകപരമായ ഘടകങ്ങൾ, ജീവിതരീതി, നേരത്തേയുള്ള രോഗാവസ്ഥകൾ, കോവിഡാനന്തര സങ്കീർണതകൾ തുടങ്ങിയവ കാരണമായിട്ടുണ്ടാവാമെന്നും പഠനത്തിലുണ്ട്.
18നും 45 നും ഇടയിൽ പ്രായമുള്ളവരിലെ പെട്ടെന്നുള്ള അകാരണമായ മരണങ്ങളേക്കുറിച്ച് ഐസിഎംആറും എൻസിഡിസിയും പഠനം നടത്തുന്നുണ്ട്. ഐസിഎംആർ നടത്തിയ ആദ്യപഠനത്തിൽ 2021 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ പെട്ടെന്ന് മരണത്തിനിരയായവരെ കേന്ദ്രീകരിച്ചാണ് വിലയിരുത്തൽ നടത്തിയത്. തുടർന്ന് കോവിഡ് വാക്‌സിനേഷനല്ല ആ മരണങ്ങൾക്ക് കാരണമെന്നും കണ്ടെത്തി.
ഹൃദയാഘാതവും മയോർഡിയാൽ ഇൻഫാർക്ഷനുമാണ് ഈ വിഭാഗങ്ങൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള പ്രധാന കാരണങ്ങളെന്ന് കണ്ടെത്തി. ജനിതക ഘടകങ്ങളും കാരണമായിട്ടുണ്ടെന്ന് വിലയിരുത്തലുണ്ട്. പഠനം പൂർത്തിയായതിനുശേഷം മാത്രമേ അവസാനഘട്ട വിലയിരുത്തലുകൾ പുറത്തുവരികയുള്ളൂ.