പരീക്ഷാ ചോർച്ചാ വിവാദവും വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷഭരിതമായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ തുടരാനുള്ള നീക്കത്തിനിടെയാണ് പൊലീസ് ഇടപെട്ടത്.

രാഹുൽ ഗാന്ധിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി നീക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയെയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് സ്ഥലത്ത് പ്രതിഷേധം ശക്തമാവുകയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ഇതിന് മുമ്പ് തന്നെ കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാർലമെന്റ് സമ്മേളനത്തിനിടെ ആരംഭിച്ച പ്രതിഷേധം ഡൽഹിയിൽ വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Related Posts