ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസ് ഡ്രൈവറും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മുൻ സുഹൃത്ത് നൽകിയ വ്യാജ പീഡനപരാതിയുടെ അടിസ്ഥാനത്തിൽ പോലീസും പരാതിക്കാരിയുടെ ബന്ധുവായ ജഡ്ജിയും ചേർന്ന് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് ദമ്പതികൾ ഉന്നയിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ആംബുലൻസിൽ ഹൈക്കോടതിക്ക് മുന്നിലെത്തിയ ദമ്പതികൾ വാഹനത്തിനുള്ളിൽവെച്ച് വിഷം കഴിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ആലുവയിലെ ഒരു ജഡ്ജിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ആത്മഹത്യാശ്രമത്തിന് തൊട്ടുമുമ്പ് ആംബുലൻസിൽ ഇരുന്ന് ഇരുവരും ചിത്രീകരിച്ച വീഡിയോയും പോലീസിന് ലഭിച്ചു.
മുൻ സുഹൃത്തായ യുവതി മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷമാണ് പീഡനപരാതി നൽകിയതെന്ന് വിനു ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന് അറിയാമായിരുന്നിട്ടും പോലീസ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തതായും അതുവഴി സാമ്പത്തികമായും മാനസികമായും കടുത്ത പീഡനം നേരിടേണ്ടിവന്നതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളുടെ മൊഴിയും ആത്മഹത്യാക്കുറിപ്പും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.