ബെംഗളൂരു വടക്കൻ മേഖലയിലെ മലയാളികളുടെ ദീർഘകാല ആവശ്യമായി യെലഹങ്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേരിട്ടുള്ള ട്രെയിൻ സർവീസും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകളും ആരംഭിക്കണമെന്ന് കേരള സമാജം (രജി.), കർണാടക ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സമാജം ഭാരവാഹികൾ ബന്ധപ്പെട്ട റെയിൽവേ, ഗതാഗത അധികൃതർക്ക് നിവേദനം സമർപ്പിച്ചു.

ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിലാണ് ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്നത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഐ.ടി. പാർക്കുകൾ, വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിലവിൽ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നതെന്ന് സമാജം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ, യെലഹങ്കയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് നേരിട്ടുള്ള ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്നും, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് സ്ഥിരം കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

ഇത്തരം സർവീസുകൾ യെലഹങ്ക, ദേവനഹള്ളി, വിമാനത്താവള പരിസരം, സമീപ ഐ.ടി. മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുമെന്ന് കേരള സമാജം വ്യക്തമാക്കി.

മലയാളി സമൂഹത്തിൻ്റെ ജനകീയ ആവശ്യമായി ഈ നിർദേശം പരിഗണിച്ച് സർവീസുകൾ എത്രയും വേഗം ആരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയവും കേരള-കർണാടക ഗതാഗത വകുപ്പുകളും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള സമാജം അഭ്യർഥിച്ചു.

Related Posts