കാർഗിൽ വിജയ് ദിവസ് ആചരണത്തിൻ്റെ മുന്നോടിയായി എം.എസ്.പാളയയിലെ രക്തസാക്ഷി സ്മാരക പാർക്കിൽ (Martyrs’ Memorial Park) എക്സ്-സർവീസ്മെൻ അസോസിയേഷൻ്റെ (ESMA) നേതൃത്വത്തിൽ ജൂലൈ 19-ന് വിപുലമായ ശ്രമദാന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിപാടിയിൽ എസ്‌മ അംഗങ്ങളോടൊപ്പം ബി ബി എം പി കർമ്മചാരികളും സജീവമായി പങ്കെടുത്തു.

എസ്‌മ പ്രസിഡണ്ട് രാജീവൻ്റെ നേതൃത്വത്തിൽ നടന്ന ശ്രമദാന പരിപാടി മുൻ കോർപ്പറേറ്റർ പാർഥിപരാജൻ ഉദ്ഘാടനം ചെയ്തു. പാർക്കിൻ്റെ ശുചീകരണം, മാലിന്യനീക്കം, മരച്ചില്ലകൾ വെട്ടിമാറ്റൽ, പരിസര സൗന്ദര്യവൽക്കരണം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടത്തിയത്.

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെ സ്മരണ നിലനിർത്തുകയും സ്മാരക പരിസരം കൂടുതൽ മനോഹരമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശ്രമദാനം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

പാർക്കിൻ്റെ ശുചിത്വവും സൗന്ദര്യവും നിലനിർത്തുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് ഈ ശ്രമദാനത്തിലൂടെ പ്രകടമായതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. സമൂഹത്തിനും യുവതലമുറയ്ക്കും പ്രചോദനമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് എസ്‌മ ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത എസ്‌മ അംഗങ്ങളെയും ബി ബി എം പി ജീവനക്കാരെയും സംഘാടകർ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Related Posts