പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വവും വേറിട്ടതുമായ നിരൂപക പ്രതിഭയാണെന്നും സാധാരണ എല്ലാവരെയുംപറ്റി ഇത്തരത്തിലുള്ള വാക്കുകൾ പ്രയോഗിക്കാറുണ്ടെങ്കിലും ഇത് അദ്ദേഹത്തെ സംബന്ധിച്ച് അന്വർത്ഥമാണെന്നും പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ഡോ. മിനി പ്രസാദ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ, പി കെ ബാലകൃഷ്ണൻ ജന്മശതാദബ്ദിയുടെ ഭാഗമായി ഏർപ്പെടുത്തിയ “പി കെ ബാലകൃഷ്ണന്റെ സമഗ്ര സംഭാവന” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു ഡോ മിനി പ്രസാദ്.
അദ്ദേഹത്തെ നിരൂപക പ്രതിഭ എന്ന് വിളിക്കാമോ എന്ന് ചോദിച്ചാൽ, അദ്ദേഹം ജീവചരിത്രകാരനായിരുന്നു, ചരിത്രകാരൻ ആയിരുന്നു. അതിനേക്കാൾ ഏറെ ഒരു തൂലിക ചിത്രകാരൻ എന്നുകൂടി പറയാവുന്ന ഒരു രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചരിത്രം എന്നു പറയുന്നത് പലപ്പോഴും പക്ഷപാതങ്ങളുടെ സഞ്ചയമായി മാറാറുണ്ട്. എന്നാൽ ഒന്നിനോടും ആരാധന ഇല്ലായിരുന്നു അദ്ദേഹത്തിന്. എന്തിനെപ്പറ്റിയെങ്കിലും വീര പുളകം കൊള്ളുന്നതിനോടും പുച്ഛമായിരുന്നു. പി കെ ബാലകൃഷ്ണൻ വളരെ നിർമ്മമതയോടുകൂടിയാണ് ചരിത്രത്തെ ആയാലും സാഹിത്യത്തെ ആയാലും സമീപിച്ചത്. ആ നിർമ്മമതയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ഗുണമായി നാം കാണേണ്ടത്. നിരൂപണത്തിൻ്റെ കാര്യത്തിലാണെങ്കിൽ നിരൂപണം ജീവചരിത്രവും വ്യക്തിത്വവും പ്രകൃതവും ചേർത്തു കൊണ്ടുപോകുന്ന ഒരു രീതി. അങ്ങിനെ ഒരു നിരൂപണ പദ്ധതി, പക്ഷേ അത് എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. ചന്തുമേനോൻ്റെ പഠനം എന്ന പുസ്തകം ആയാലും കുമാരനാശാൻ്റെ പുസ്തകം ആയാലും ആ രീതി തുടർന്നുകൊണ്ടുപോകാൻ പറ്റുമോ എന്നതിൽ സംശയമുണ്ട്.
വ്യാസ ഭാരതത്തിൽ ആണ്ടു മുങ്ങി പഠിച്ചതിനുശേഷമാണ് “ഇനി ഞാൻ ഉറങ്ങട്ടെ” എന്ന് നോവലിലേക്ക് വരുന്നത്. ഇനി ഞാൻ ഉറങ്ങട്ടെ എന്ന് നോവലിനു വേണ്ടി യഥാർത്ഥത്തിൽ ചരിത്രത്തിലോ ഗവേഷണത്തിലോ ഉപയോഗിച്ച ആ ഭാഷയെ പൂർണ്ണമായി തള്ളിക്കളഞ്ഞു മനോഹരമായ ഒരു ഭാഷ പോലും ഉണ്ടാക്കുക തന്നെ ചെയ്തു. ദ്രൗപതിയുടെ വിചാരങ്ങളായി കടന്നുവരുന്ന വല്ലാത്ത കാവ്യാത്മകമായ ഭാഷയിലാണ് അത് എഴുതപ്പെട്ടത് എന്നത് വല്ലാത്ത കൗതുകം ഉളവാക്കി. ആ ഒരു ഭാഷ ഉണ്ടാക്കിയെടുത്തു എന്നതാണ് തൻ്റെ വായനയിൽ തോന്നിയത്. 1973 ൽ യൂറോപ്പിൽ രൂപം കൊണ്ട ഫെമിനിസത്തിൻ്റെ സ്വാധീനം ദ്രൗപതിയുടെ കഥാ പാത്ര ആവിഷ്ക്കാരത്തിൽ കാണാം. മാനുഷിക ഭാവത്തിൻ്റെ അതിരുകൾ ലംഘിക്കാതെയാണ് കഥാ പാത്ര നിർവ്വഹണവും അദ്ദേഹം നടത്തിയിട്ടുള്ളത്.
നാരായണഗുരു എന്ന ഗ്രന്ഥം രചിക്കുന്ന കാലഘട്ടത്തിൽ ഇന്നു നമ്മൾക്കുള്ള ഒരുതരത്തിലുള്ള മെറ്റീരിയൽ കളക്ഷൻ സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല എന്നുകൂടി ഓർക്കണം.
സഞ്ചരിച്ചു വിവിധ ലൈബ്രറികളിൽ നിന്നും ആർക്കൈവ്സ്കളിൽ നിന്നും ശേഖരിച്ച രേഖകളുടെയും ഗുരു ജീവിച്ച കാലത്തെ ചരിത്ര പശ്ചാത്തലം കണക്കിലെടുത്തും നിർമ്മമതയോടെ ഭക്തി പ്രകർഷങ്ങളില്ലാതെയുമാണ് അദ്ദേഹം പുസ്തകം എഴുതിയിട്ടുള്ളത്.
അക്കാലത്ത് കാറും മറ്റു സൗകര്യങ്ങളുമൊക്കെ ഉണ്ടായിരുന്ന വി കെ മാധവൻ മെതിയടി ഉപയോഗിച്ചതിൻ്റെ പേരിൽ ശിക്ഷിക്കപ്പെട്ട കാര്യം അടക്കം പലതും പുസ്തകത്തിലുണ്ട്. അരുവിപ്പുറം പ്രതിഷ്ഠക്ക് ശേഷവും 64 അടി ദൂരെ നിൽക്കണം എന്ന കാര്യത്തിൽ വുത്യാസമൊന്നും വന്നില്ലെന്നും, എങ്കിലും സമത്വ സുന്ദര കേരളം എന്നാണ് വിശേഷിപ്പിക്കുക പതിവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടിച്ചാത്തന് കൊടുക്കാൻ ഗുരു കത്ത് നൽകിയതിൻ്റെയും ശിവഗിരി തീർത്ഥടനത്തിൻ്റെ ഭാഗമായി ഗുരു നൽകുന്ന ആധുനിക ജീവിതത്തിനാവശ്യമായ നിർദ്ദേശങ്ങളെക്കുറിച്ചും പുസ്തകത്തിലുണ്ട്. പലരുമായുള്ള ഗുരുവിൻ്റെ അഭിമുഖവും, ഓർമ്മകുറിപ്പുകളും അടക്കം ഉൾപ്പെടുത്തിയും ഓരോന്നിൻ്റെ അടിയിലും ഫുട്ട് നോട്ട് എന്ന നിലയിൽ തൻ്റെ കുറിപ്പും ചേർക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സമീപനം.
ഏറ്റവും ഉദാഹരണമായി തനിക്ക് തോന്നിയത് അരുവിപ്പുറം പ്രതിഷ്ഠകാരൻ എന്നുവരെ ശ്രീനാരായണ ഗുരുവിനെ അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട് എന്നതാണ്. തനിക്ക് ഭക്തിയില്ല എന്ന അദ്ദേഹത്തിൻ്റെ പ്രസ്ഥാവനയുടെ പ്രതിഫലനം ആയി വേണം ഇത് കാണാൻ.
ടിപ്പുസുൽത്താനെ ആരാധനയോടെയും മത ഭ്രാന്തൻ എന്ന നിലയിലും അവതരിപ്പിക്കുന്ന രണ്ടു സമീപനങ്ങൾ കാണാറുണ്ട്. ഇതുരണ്ടും പൊളിച്ചുകൊണ്ട് ഒരു ആരാധനയും ഇല്ലാതെതന്നെ ടിപ്പു സുൽത്താൻ എന്ന പുസ്തകത്തിൽ ഹൈദറിനെയും ടിപ്പുവിനെയും പി കെ ബാലകൃഷ്ണൻ അവതരിപ്പിക്കുന്നുണ്ട്.
ഇതിൻ്റെയും മെറ്റീരിയൽ കിട്ടാൻ അദ്ദേഹം എത്രത്തോളം വിഷമിച്ചിട്ടുണ്ടാവും എന്നതുകൂടി നാം ഓർക്കേണ്ടതാണ്. മഹാരാഷ്ട്രയുടെ ഇപ്പുറത്തുള്ള തെക്കേ ഇന്ത്യൻ ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത എത്രയോ യുദ്ധങ്ങളുടെ ചരിത്രം ആ പുസ്തകം നമുക്ക് പകർന്നു തരുന്നുണ്ട്. ചരിത്രത്തിൽ കേട്ടിട്ടു പോലുമില്ലാത്ത എത്രയോ നാടുവാഴികളെ കുറിച്ചുള്ള വിവരങ്ങളും ആ പുസ്തകത്തിൽ ഉണ്ട്. അവരൊക്കെ ആയി ടിപ്പുവിനും ഹൈദറിനും ഉള്ള ബന്ധങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ടിപ്പുസുൽത്താൻ ഒരു മതഭ്രാന്തനായിരുന്നു എന്നു പറയുന്ന പഴിക്ക് അനേകം തെളിവുകൾ നിരത്തി അല്ലെന്ന് പറയുന്നുണ്ട് പി കെ ബി. ജാതിമരം കണ്ട് അത് ഇളക്കിക്കൊണ്ടുപോയി അവിടെ നട്ടുപിടിപ്പിച്ച കഥ അതിൽ പറയുന്നുണ്ട്. മരങ്ങളോടും ചെടികളോടും ടിപ്പുവിനുള്ള വല്ലാത്ത ആവേശത്തെ പറ്റിയും പുസ്തകത്തിൽ പറയുന്നുണ്ട്. പുസ്തകങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്ന ടിപ്പുവിൻ്റെ ലൈബ്രറി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറി ആയിരുന്നു എന്നും ബ്രിട്ടഷുകാരോട് ഏറ്റുമുട്ടി മരണമടഞ്ഞ അപൂർവ്വം രാജാക്കന്മാരിൽ ഒരാളാണ് ടിപ്പു എന്നും ബ്രിട്ടീഷുകാരാണ് ടിപ്പുവിൻ്റെ ആ ലൈബ്രറിയിലുണ്ടായ പുസ്തങ്ങൾ നശിപ്പിച്ചതെന്നും പുസ്തകത്തിലുണ്ട്.
സ്ത്രീകളോട് വളരെയധികം ബഹുമാനം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ടിപ്പു സുൽത്താൻ എന്ന, നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത ടിപ്പുസുൽത്താനെയാണ് ആ പുസ്തകത്തിൽ പി കെ ബാലകൃഷ്ണൻ അവതരിപ്പിച്ചിട്ടുള്ളത്. ഒരിക്കലും സ്വസ്ഥതയോടെ ഉറങ്ങാൻ കഴിയാതിരുന്ന ഭരണാധികാരിയായിരുന്നു ടിപ്പു എന്നും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന പുസ്തകം എഴുതാൻ അദ്ദേഹം ശേഖരിച്ച റഫറൻസ് ഗ്രന്ഥങ്ങളുടെ പേരും പേജ് നമ്പറുകളും പുസ്തകത്തിൻ്റെ 372 മുതൽ 392 പേജ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു വേണ്ടി 3000 ത്തിലധികം ലേഖനങ്ങങ്ങൾ റഫർ ചെയ്ത് എല്ലാം ഫുൾ സ്കാപ്പ് പേപ്പറിൽ എഴുതി എടുക്കുകയായിരുന്നു. സമാനതകൾ ഇല്ലാത്ത ഒരു യഥാർത്ഥ ഗവേഷകനായിരുന്നു അദ്ദേഹം. ഇതു കൊണ്ടായിരിക്കണം, വാശിയോടെ മുനിഞ്ഞിരുന്ന് പഠിക്കുന്ന എഴുത്തുകാരനാണ് പി കെ ബാലകൃഷ്ണൻ എന്ന് പ്രൊ.എം ഗംഗാധരൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കൃതിക്കും വായനക്കാർക്കും ഇടയിൽ പാലം നിർമ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിരൂപണ ദൗത്യം. “എഴുത്തച്ഛൻ്റെ കല” എന്ന പുസ്തകത്തിൽ, സാധാരണക്കാർക്ക് നിഷിദ്ധമായിരുന്ന ഗ്രന്ഥങ്ങൾ വിവർത്തനത്തിലൂടെ അവർക്ക് ലഭ്യമാക്കിയതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
ആരെക്കുറിച്ചും വീര പുളകിതരാകേണ്ട എന്ന് “ഒരു വീര പുളകത്തിൻ്റെ കഥ യിൽ അദ്ദേഹം ഓർമിപ്പിക്കുന്നു.
ചന്തു മേനോൻ ഒരു പഠനം എന്നാണ് ഇന്ദു ലേഖ, ശാരദ എന്നല്ല പി കെ ബി പേര് നൽകിയത്. സംഗീത ആസ്വാദകനായ ചന്തു മേനോനെ കാണാൻ വന്ന ഭാഗവതരോട് പാടാൻ പറയുകയും പാട്ട് തുടങ്ങിയ ഉടനെ മതി എന്നു പറയുകയും തിരിച്ചു പോകാൻ വേഗത്തിൽ പുറപ്പെടുന്ന ട്രെയിൻ ടിക്കറ്റിന് കാശ് കൊടുത്തു വിടുകയും ചെയ്തതടക്കമുള്ള കാര്യങ്ങൾ പി കെ ബി എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിൽ താൻ വായിച്ചതടക്കമുള്ള നല്ല പുസ്തങ്ങളുടെ രീതിയിൽ തന്റെ ഭാര്യക്ക് വായിക്കാൻ വേണ്ടിയാണ് ചന്തു മേനോൻ ഇന്ദുലേഖ എഴുതിയത്. ചന്തു മേനോൻ്റെ സാഹിത്യ ദർശനവും സാമൂഹിക ദർശനവും ഈ നോവലിൽ പ്രകടമാണ്.
“കാവ്യകല കുമാരനാശാനിലൂടെ” എന്ന കൃതിയിൽ കുമാരനാശാനെ സമഗ്രമായി വിലയിരുത്തുന്നുണ്ട്. എന്നാൽ ആശാൻ്റെ ചിന്താവിഷ്ടയായ സീതയിൽ സീത ചോദിക്കുന്ന ചോദ്യങ്ങളുടെ പ്രസക്തിയെക്കുറിച്ച് ബി .പുസ്തകത്തിൽ അനുകൂല സമീപനമില്ല.
നോവൽ സിദ്ധിയും സാധനയും എന്ന കൃതിയിൽ നോവലുകളെയും അതിൻ്റെ ചരിത്ര കാലഘട്ടത്തെയും ഇഴ കീറി പരിശോധിക്കുന്നുണ്ട് പി കെ ബി. കാലം പ്രതിഭയിൽ ചെലുത്തുന്ന സ്വാധീനം എന്താണെന്നും എഴുത്തുകാരുടെ വ്യക്തിത്വം രചനയിൽ പ്രതിഫലിക്കുന്നത് എങ്ങനെയെന്നും പുസ്തകം വ്യക്തമാക്കുന്നു.
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ എന്നതാണ് പി കെ ബി യുടെ രണ്ടാമത്തെ നോവൽ. ഇത് ഒരു നായയുടെ കഥയാണ്. അൽസേഷൻ എന്നു കരുതി വാങ്ങിയ നായ നാടൻ പട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അതിനെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. വർഷങ്ങൾക്ക് ശേഷം ഉടമ പ്ലൂട്ടോയെ കാണുന്നത്, തെരുവിൽ, ഒരു വലിയ സംഘം പട്ടികളുടെ നേതാവായാണ്. പ്രതീക്ഷക്കൊപ്പം ഉയരുന്നില്ല എന്ന പേരിൽ പുറന്തള്ളിയാൽ അത് വലിയ ദുരന്തത്തിന് കാരണമാകും എന്നാണ് നോവൽ നൽകുന്ന പാഠം എന്നും ഡോക്ടർ മിനി പ്രസാദ് പറഞ്ഞു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ ആമുഖ പ്രഭാഷണം നടത്തി. സാഹിത്യ വിഭാഗം സബ് കമ്മിറ്റി കൺവീനർ സി കുഞ്ഞപ്പൻ ഡോക്ടർ മിനി പ്രസാദിനെ പരിചയപ്പെടുത്തി. സമാജം ട്രഷറർ എം കെ ചന്ദ്രൻ അതിഥിയെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സാഹിത്യ വിഭാഗം സബ് കമ്മിറ്റി ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ബി എസ് ഉണ്ണികൃഷ്ണൻ, ടി എ കലിസ്റ്റസ്, മുഹമ്മദ് കുനിങ്ങാട്, ശാന്തകുമാർ എലപ്പുള്ളി, മനോജ് പിഷാരടി എന്നിവർ സംസാരിച്ചു. കെ ദാമോദരൻ, സൗദ അബ്ദുൽ റഹ്മാൻ, സംഗീത രാമചന്ദ്രൻ, ഷീബ രാജൻ, ഷമീമ, രതി സുരേഷ്, ഓമന രാജേന്ദ്രൻ, പ്രമിത, എ പത്മനാഭൻ, കെ കൃഷ്ണമ്മ, വി കെ സുരേന്ദ്രൻ എന്നിവർ കവിതകളും നാടൻ പാട്ടുകളും ആലപിച്ചു. എഡുക്കേഷണൽ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ് നന്ദി പറഞ്ഞു.