ജനവാസമേഖലയിൽ പുലി ഏഴ് ആടുകളെ കടിച്ചുകൊന്നു. തൃക്കലങ്ങോട് കുതിരാടത്ത് നെല്ലിക്കുന്ന് വള്ളിയേമ്മൽ എൻ.സി. കരീമിന്റെ ഫാമിലെ ആടുകളെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.56നാണ് സംഭവം. പുലി എത്തുന്ന ദൃശ്യങ്ങൾ ഫാമിലെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു.
മൂന്നു പോത്തുകളും 16 ആടുകളും ഒരു പശുവുമാണ് ഫാമിലുണ്ടായിരുന്നത്. നാലു കൂടുകളിലായാണ് ആടുകളുണ്ടായിരുന്നത്. ഇതിൽ രണ്ടു കൂടുകളിൽ പുലി ആക്രമിച്ചുകടന്നു. മൂന്നു ഗർഭിണികൾ ഉൾപ്പെടെയുള്ള ആടുകളാണ് ചത്തത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടിന്റെ മുകളിലെ വിടവിലൂടെയാണ് പുലി അകത്തുകടന്നത്. ബുധനാഴ്ച രാവിലെ ഫാമിലെത്തിയ ഉടമ കരീമാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. പരിസരത്ത് വന്യജീവിയുടെ കാൽപാടുകൾ കണ്ടതോടെ വനംവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.