മുൻ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ ശനിയാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ ചെന്നമ്മയെ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് നല്ല പ്രതികരണം ലഭിച്ച് ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് വൈകിട്ട് നാല് മണിയോടെ ശക്തമായ ഹൃദയാഘാതമുണ്ടായതെന്നും, ജീവൻ രക്ഷിക്കാനായില്ലെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മരണസമയത്ത് എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു.

1954-ലാണ് എച്ച്.ഡി. ദേവഗൗഡയുമായി വിവാഹിതയായത്. ഇവർക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. മക്കളിൽ കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും, ഹാസൻ ജില്ലയിലെ ഹൊളേനരസിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ എച്ച്.ഡി.രേവണ്ണയും ഉൾപ്പെടുന്നു. പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ ഭാര്യയും രാഷ്ട്രീയ കുടുംബത്തിൻ്റെ കേന്ദ്രബിന്ദുവുമായിരുന്നെങ്കിലും, ചെന്നമ്മ പൊതുജീവിതത്തിൽ നിന്ന് അകന്നു നിൽക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ദേവഗൗഡയുടെ രാഷ്ട്രീയ ജീവിതത്തിന് ശക്തമായ പിന്തുണ നൽകിയ വ്യക്തിയായിരുന്നു അവർ.

തൻ്റെ രാഷ്ട്രീയ യാത്രയിൽ ഭാര്യയുടെ ത്യാഗവും അചഞ്ചലമായ പിന്തുണയും നിർണായകമായിരുന്നുവെന്ന് എച്ച്.ഡി. ദേവഗൗഡ പലവട്ടം പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്. മാതാവിൻ്റെ ജീവിതമൂല്യങ്ങളും ലാളിത്യവുമാണ് തൻ്റെ രാഷ്ട്രീയ ജീവിതത്തിന് വഴികാട്ടിയായതെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും നിരവധി അവസരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts