മലയാള സിനിമയുടെ അഭിമാനതാരമായ മമ്മൂട്ടിക്ക് വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൻ്റെ തിളക്കം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അതുല്യമായി അവതരിപ്പിച്ചതിനാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അംഗീകാരം മമ്മൂട്ടിയെ തേടിയെത്തിയത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവയ്ക്കുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. യാമി ഗൗതമാണ് മികച്ച നടി. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് രാജ്കുമാർ പെരിയസാമി (അമരൻ) അർഹനായി. മികച്ച ചിത്രമായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനം പാടിയ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി.
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം.
ഭയവും നിഗൂഢതയും അധികാരത്തിൻ്റെ മാനസിക സങ്കീർണതകളും അതിശയിപ്പിക്കുന്ന അഭിനയമികവിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച മമ്മൂട്ടിയുടെ പ്രകടനം നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ പ്രശംസ നേടിയിരുന്നു. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൊന്നായാണ് കൊടുമൺ പോറ്റി വിലയിരുത്തപ്പെട്ടത്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടുന്നത് ഇതാദ്യമായല്ല; നാലാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 1989-ൽ ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. തുടർന്ന് 1993-ൽ ‘വിധേയൻ’, ‘പൊന്തൻമാട’ എന്നീ ചിത്രങ്ങളിലൂടെയും, 1998-ൽ ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയും മികച്ച നടനുള്ള ദേശീയ അംഗീകാരം നേടി.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു കഥാപാത്രത്തിലൂടെ വീണ്ടും ദേശീയ പുരസ്കാര വേദിയിൽ തിളങ്ങിയ മമ്മൂട്ടിയുടെ ഈ നേട്ടം മലയാള സിനിമയ്ക്കാകെ അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്. ആരാധകരും സിനിമാ ലോകവും ഇതിനകം തന്നെ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മലയാള സിനിമയ്ക്ക് അഭിമാന നേട്ടമായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നടനും സംവിധായകനുമായ ധനുഷ് സംവിധാനം ചെയ്ത ‘റായൻ’ സ്വന്തമാക്കി. സംവിധായകനെന്ന നിലയിൽ ധനുഷിന് ലഭിക്കുന്ന ശ്രദ്ധേയമായ ദേശീയ അംഗീകാരമാണിത്.
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ നേടി. അദ്ദേഹത്തിൻ്റെ സംഗീതസംവിധാനം ചിത്രത്തിൻ്റെ വികാരതീവ്രത വർധിപ്പിച്ചതായി ജൂറി വിലയിരുത്തി.
സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സിനിമകൾ വിലയിരുത്തി പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂറിയുടെ അന്തിമ തീരുമാനങ്ങൾ നേരത്തേ പൂർത്തിയായിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടന്നത്. ഇത്തവണയും വിവിധ ഭാഷകളിലെ മികച്ച സിനിമകളെയും കലാകാരന്മാരെയും ആദരിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ത്യൻ സിനിമയുടെ വൈവിധ്യവും മികവും വീണ്ടും അടിവരയിടുന്നതായി സിനിമാ ലോകം വിലയിരുത്തുന്നു.
നോൺ ഫീച്ചർ വിഭാഗം
സംവിധാനം- ആനന്ദജ്യോതി
പ്രത്യേക പരാമർശം- ഭദ്രകാളി നാടകം
മികച്ച വിവരണം- സൗന്ദര്യ ജയചന്ദ്രൻ
മികച്ച ഡോകുമെന്ററി- രാം നമി (ഹിന്ദി)
ഫീച്ചർ വിഭാഗം
പ്രത്യേക പരാമർശം- സൗണ്ട് മിക്സിങ്- മെയ്യഴകൻ
പ്രത്യേക പരാമർശം നടൻ- ക്യാപ്റ്റൻ മില്ലർ- ധനുഷ്
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി- മഹാരാജ, അനൽ അരശ് ( തമിഴ്)
മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി
മികച്ച പശ്ചാത്തല സംഗീതം- അമരൻ, ജിവി പ്രകാശ്കുമാർ
മികച്ച കോസ്റ്റ്യൂം ഡിഅസൈനാര്- പുഷപ 2
മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്- കൽക്കി എഡി
ബെസ്റ്റ് എഡിറ്റിങ്- അമരൻ- ആർ കലൈവാണൻ
മികച്ച തുളു സിനിമ- ഇമ്പു
മികച്ച തെലുങ്ക് ചിത്രം- ദി കാർണിവൽ കമ്മിറ്റി, യദു വംശി
മികച്ച ഒഡിയ ചിത്രം- ലഹരി
മികച്ച കന്നഡ സിനിമ- മിഥ്യ
മികച്ച ഹിന്ദി സിനിമ- ശ്രീകാന്ത്
മികച്ച ഗുജറാത്തി സിനിമ- മാരൻ ദി ഹണ്ട്
മികച്ച ബംഗാളി സിനിമ- ചലച്ചിത്ര അക്കൗണ്ട്
മികച്ച ആസാമീസ് ചിത്രം- ജൂയിഫൂൽ
മറ്റ് അവാർഡുകൾ
മികച്ച പുസ്തകം- പ്രദീപ് ഷെട്ടി
ബെസ്റ്റ് ഫിലിം ക്രിട്ടിക്- സഞ്ജീവ് ശ്രീവാസ്തവ