ഹിമാചൽപ്രദേശിൽ കനത്തമഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ മലയാളികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുന്നു. സംഘത്തിൽ 18 മലയാളികളാണുള്ളത്. 2 ഉത്തരേന്ത്യക്കാരും 5 തമിഴ്നാട്ടുകാരും സംഘത്തിലുണ്ട്. ഷിംലയിലേക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ച പാതയിൽ വെച്ച് ശനിയാഴ്ച മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
നിലവിൽ കൽപ്പ എന്ന ഗ്രാമത്തിലാണ് സംഘമുള്ളത്. സംഘത്തില്‍ 3 പേര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുളളതിനാല്‍ ആംബുലന്‍സിന്റെ സഹായവും തേടി. ഷിംല വിമാനത്താവളത്തില്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് എത്തണമെങ്കില്‍ വ്യോമസേനയുടെ സഹായം ആവശ്യമാണ്.
വിനോദസഞ്ചാരികളുടെ ആവശ്യം എയർലിഫ്റ്റിങ് വേണമെന്നതാണ്. വെള്ളവും ഭക്ഷണവും പരിമിതമായതിൻ്റെ ആശങ്കയും 25 പേരടങ്ങുന്ന വിനോദസഞ്ചാരി സംഘത്തെ അലട്ടുന്നുണ്ട്.
സന്ദർശനം കഴിഞ്ഞ് മടങ്ങും വഴിയാണ് മണ്ണിടിച്ചിലുണ്ടായതെന്നും അതിനാൽ ട്രെയിൻ, റെയിൽവേ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ടിവന്നെന്നും പറയുന്നു. പിന്നെയും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുകളുണ്ട്.