അമേരിക്കയുമായുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി. രണ്ട് ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ നിയന്ത്രിത തിരിച്ചടികളല്ല, കൂടുതൽ വ്യാപകവും ശക്തവുമായ സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.
ഇറാനിലെ ജനവാസ മേഖലകളും നിർണായക അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം വ്യാപിപ്പിച്ചതോടെയാണ് ഈ കടുത്ത മുന്നറിയിപ്പ്. ഇനി ചർച്ചകൾക്കോ നിയന്ത്രിത പ്രതികരണങ്ങൾക്കോ സാധ്യതയില്ലെന്നും, ആവശ്യമായാൽ അതിർത്തികൾക്കപ്പുറത്തേക്കും സൈനിക നടപടി വ്യാപിപ്പിക്കുമെന്നും ഐആർജിസി വ്യക്തമാക്കി.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഒരു ചരക്കുകപ്പലിനെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളാണെന്ന് ഇറാൻ അവകാശപ്പെടുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, അമേരിക്ക ഇറാൻ്റെ ഊർജ-വൈദ്യുതി മേഖലയെ വീണ്ടും ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ ഗതാഗതം തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദേശം നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സംഘർഷം രൂക്ഷമാകുന്നതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്ക കൂടുതൽ യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സെൻട്രൽ കമാൻഡ് വീണ്ടും വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതായി ഇറാൻ ആരോപിച്ചു. അമേരിക്കൻ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെയും ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.