നടൻ ടിനി ടോം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ, മതവിദ്വേഷം പരത്തൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

‘അമ്മ’ സംഘടനയുടെ യോഗങ്ങളിലും റിഹേഴ്‌സൽ ക്യാമ്പുകളിലും വെച്ച് ടിനി ടോം അശ്ലീലവും ലൈംഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നും, ‘ജിഹാദി’, ‘മതതീവ്രവാദി’ എന്നീ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, നടൻ്റെ ഡ്രൈവറെ മതംമാറ്റാൻ അൻസിബ ശ്രമിച്ചുവെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.

നേരത്തെ പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കേസെടുക്കാൻ മതിയായ തെളിവില്ലെന്നുമുള്ള റിപ്പോർട്ട് കടവന്ത്ര പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ട് തള്ളിയ കോടതി, കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. നടി നീന കുറുപ്പ് ഉൾപ്പെടെയുള്ള സാക്ഷികൾ വ്യക്തമായ മൊഴി നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതെന്താണെന്ന് കോടതി പൊലീസിനോട് ചോദിച്ചിരുന്നു.

Related Posts