ലോകകപ്പ് ഫൈനലിലേക്കുള്ള അവസാന കടമ്പ കടക്കാൻ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ. അറ്റ്ലാന്റയിൽ നടക്കുന്ന സെമിഫൈനലിൽ ലയണൽ മെസിയുടെ അർജന്റീനയെ ഹാരി കെയ്നും ജൂഡ് ബെല്ലിംഗ്ഹാമും നയിക്കുന്ന ഇംഗ്ലണ്ട് വെല്ലുവിളിക്കും. ഫൈനലിനോളം ആവേശം നിറയുന്ന പോരാട്ടത്തിനാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നോക്കൗട്ട് റൗണ്ടിൽ കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് അർജന്റീന സെമിയിലെത്തിയത്. കേപ്പ് വെർദേ, ഈജിപ്ത്, സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരായ മത്സരങ്ങളിൽ അവസാന നിമിഷ ഗോളുകളാണ് മെസിപ്പടയ്ക്ക് തുണയായത്. അതേസമയം മെസിക്കൊപ്പം മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലൗതാരോ മാർട്ടിനെസ് എന്നിവരും ഗോളടി മികവ് പുറത്തെടുത്തത് അർജന്റീനയ്ക്ക് ആത്മവിശ്വാസം നൽകുന്നു.

മറുവശത്ത്, ക്രൊയേഷ്യ, ഘാന, പനാമ എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിലും ഡി.ആർ. കോംഗോ, മെക്സിക്കോ, നോർവേ എന്നിവരെ നോക്കൗട്ടിലും കീഴടക്കിയാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഹാരി കേൻ, ജൂഡ് ബെല്ലിംഗ്ഹാം, ബുകയോ സാക്ക, ആന്തണി ഗോർഡൻ, എബെറെച്ചി ഈസെ, ഡെക്ലാൻ റൈസ് എന്നിവരടങ്ങുന്ന സമതുലിതമായ സംഘമാണ് ഇംഗ്ലണ്ടിൻ്റെ പ്രധാന കരുത്ത്.

മെസിയുടെ മികവോ ഇംഗ്ലണ്ടിൻ്റെ കൂട്ടായ്മയോ വിജയിക്കുമോ എന്നറിയാൻ ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മത്സരം യുണൈറ്റഡ് 8 സ്പോർട്സിലും ZEE5-ലും തത്സമയം സംപ്രേഷണം ചെയ്യും.

Related Posts