ചെങ്കടലിലെ അതീവ തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് യെമനിൽ നിന്നുള്ള മുന്നറിയിപ്പ്. യെമന്‍ നേരെ സൗദി അറേബ്യ വ്യോമാക്രമണം തുടർന്നാൽ നിർണായക കപ്പൽപ്പാത അടയ്ക്കുമെന്നാണ് ഇറാൻ അനുകൂല ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച വീഡിയോ ഇറാൻ്റെ പ്രസ് ടിവിയും പുറത്തുവിട്ടിട്ടുണ്ട്.
ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്ക് കടന്നുപോകുന്ന ഈ കടൽപ്പാത അടച്ചാൽ ആഗോള ഊർജവിതരണത്തിനും ചരക്ക് ഗതാഗതത്തിനും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ. എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഭീഷണിയെ തുടർന്ന് സൗദി അറേബ്യ ബാബ് അൽ മന്ദബ് വഴിയുള്ള ചില എണ്ണക്കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചതായും, അമേരിക്കയുടെ പിന്തുണയോടെ മേഖലയിൽ സുരക്ഷാ സാന്നിധ്യം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ കടലിടുക്ക് അടയ്ക്കപ്പെടാനുള്ള സാധ്യത വിപണിയുടെ വിലയിരുത്തലിൽ ഉയർന്നതായും, ഹൂതി സേന, ഇറാൻ്റെ ഐആർജിസി, അമേരിക്കൻ നാവികസേന എന്നിവരുടെ തുടർനീക്കങ്ങൾ നിർണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. നയതന്ത്ര ഇടപെടലുകൾ ഫലപ്രദമാകാത്ത പക്ഷം ആഗോള ഊർജവിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്.