മലയാളം മിഷൻ്റെ അധ്യാപക പരിശീലന പരിപാടി ഇന്ന് രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ റിച്ച്മണ്ട് റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടന്നു. രാവിലെ 9.00 മണിക്ക് നടന്ന ഉദ്ഘാടനച്ചടങ്ങ് റവ. ഫാ. ജേക്കബും റവ. ഫാ. ജെയ്സണും ചേർന്ന് നിർവഹിച്ചു.തുടർന്ന് നടന്ന പരിശീലനത്തിൽ അറുപതോളം അധ്യാപകർ പങ്കെടുത്തു. ചാപ്റ്റർ ഭാരവാഹികളും മേഖലാ കോർഡിനേറ്റർമാരും പരിപാടിയിൽ സജീവമായി പങ്കാളികളായി.
നീലക്കുറിഞ്ഞി, കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്സുകൾക്കായുള്ള അധ്യാപക പരിശീലനമാണ് സംഘടിപ്പിച്ചത്. മലയാളം മിഷൻ്റെ പാഠപുസ്തക സമിതി അംഗങ്ങളും മുതിർന്ന അധ്യാപക പരിശീലകരുമായ കേശവനും കുഞ്ഞികൃഷ്ണനും ക്ലാസുകൾ നയിച്ചു. പാഠ്യപദ്ധതി, അധ്യാപനരീതികൾ, പഠനസാമഗ്രികളുടെ ഫലപ്രദമായ ഉപയോഗം എന്നിവയെ ആസ്പദമാക്കിയായിരുന്നു പരിശീലനം.
പരിശീലന പരിപാടി അധ്യാപകർക്ക് ഏറെ പ്രയോജനപ്രദമായ അനുഭവമായി മാറുകയും പുതിയ അധ്യയന വർഷത്തിലെ പഠനപ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുകയും ചെയ്തു.