മയക്കുമരുന്ന് മാഫിയക്കെതിരായ കേരള പൊലീസിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്.പി റാങ്കിലുള്ള ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്ന് അടുത്തഘട്ടത്തിൽ വൻ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ എല്ലാ മാർഗങ്ങളിലൂടെയും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് സംസ്ഥാനത്തെ ലഹരിമുക്തമാക്കുകയാണ് അടുത്തഘട്ട പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ വഴികൾ തേടുകയാണെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളും കൊറിയർ സേവനങ്ങളും ഉപയോഗിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പ്രവണത വർധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ പോലും ദുരുപയോഗം ചെയ്ത് ലഹരിക്കായി ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മെഡിക്കൽ സ്റ്റോർ ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ആവശ്യമായാൽ സംയുക്ത പരിശോധനകൾ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.