ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഗൊരഗുണ്ടെപാള്യ ജംഗ്ഷനിൽ പുതിയ ഭൂഗർഭ തുരങ്കപാത നിർമ്മിക്കാൻ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) പദ്ധതി തയ്യാറാക്കുന്നു. ഡോ. രാജ്‌കുമാർ സ്മാരകത്തിൽ നിന്ന് ബിഇഎൽ സർക്കിൾ വരെ ഔട്ടർ റിങ് റോഡിന് കീഴിലൂടെ 4.5 കിലോമീറ്റർ നീളത്തിൽ ആറുവരി തുരങ്കപാതയാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്.

ഹെബ്ബാളിൽ 2.2 കിലോമീറ്റർ തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെയാണ് നഗരത്തിലെ മറ്റൊരു പ്രധാന ഗതാഗതക്കുരുക്ക് മേഖലയായ ഗൊരഗുണ്ടെപാള്യയിലും സമാന പദ്ധതി ആവിഷ്‌കരിക്കുന്നത്.

തിരക്കേറിയ തുമകൂരു റോഡ് ജംഗ്ഷനിലെ വാഹനത്തിരക്ക് കുറയ്ക്കുകയും യാത്രാസമയം ചുരുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിഡിഎ കമ്മീഷണർ മേജർ പി. മണിവണ്ണൻ അറിയിച്ചു. ഡിപിആർ പൂർത്തിയായ ശേഷം സംസ്ഥാന സർക്കാരിൻ്റെ അംഗീകാരത്തിനായി പദ്ധതി സമർപ്പിക്കുമെന്നും അനുമതി ലഭിക്കുന്നതോടെ തുടർനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts