വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ പ്രതികരണവുമായി കൃഷിമന്ത്രിയും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ദിഖ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. ചെറിയ മഴയുണ്ടായാൽ പോലും അപകടസാധ്യതയുണ്ടെന്ന് നേരത്തെ നടന്ന യോഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും നിർദേശങ്ങൾ പാലിക്കാത്തത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ വിംസ് ആശുപത്രിയിൽ ആറ് പേർ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

വയനാട്ടിലെയും കോഴിക്കോട് നിന്നുമുള്ള എൻഡിആർഎഫ് സംഘങ്ങളെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 265 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. കനത്ത മഴയെ തുടർന്ന് ചൂരൽമല പുഴയിലെ ജലനിരപ്പും ഒഴുക്കും ഉയർന്നിരുന്നു. മഴയും അശാസ്ത്രീയമായി മണ്ണ് നിക്ഷേപിച്ചതും ചേർന്നാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Related Posts