രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും സൗദി അറേബ്യ അസംസ്കൃത എണ്ണയുടെ ഔദ്യോഗിക വിൽപ്പന വില കുറച്ചതുമാണ് ഇന്ധനവില കുറയ്ക്കാനുള്ള നീക്കത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെ​ന്‍റ് സമ്മേളനത്തിന് മുമ്പായി വിലക്കുറവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് എണ്ണക്കമ്പനികൾ അന്തിമതീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ നേരത്തെ ഇന്ധനവില വർധിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ ആഗോള വിപണിയിൽ വിലയിൽ ഉണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തരത്തിൽ പെട്രോൾ, ഡീസൽ വില കുറയാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

വിലക്കുറവിൻ്റെ അളവും പ്രാബല്യത്തിൽ വരുന്ന തീയതിയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Posts