സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പിഎസ്‌സിയുടെ ശക്തമായ എതിർപ്പുകൾ മറികടന്നാണ് കമ്മീഷൻ്റെ നിർണായക നടപടി.

അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ഏഴ് ദിവസത്തിനകം ഉത്തരക്കടലാസ്, അഭിമുഖ മാർക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ കൈമാറണമെന്നാണ് കമ്മീഷൻ്റെ നിർദേശം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഇതുവരെ പിഎസ്‌സി നൽകാതിരുന്ന വിവരങ്ങളാണ് ഇനി പുറത്തുവരുന്നത്.

ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള നിയമന പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവിടേണ്ടത്. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർഥികളുടെയും മാർക്ക് പട്ടികയും ലഭ്യമാക്കാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ഈ പരീക്ഷയിൽ ഉദ്യോഗാർഥികളുടെ പത്ത് ഉത്തരങ്ങൾ പിഎസ്‌സി പരിശോധിച്ചിരുന്നില്ലെന്ന ഗുരുതര ആരോപണം നേരത്തെ പുറത്തുവന്നിരുന്നു. പുതിയ ഉത്തരവ് വിവാദ നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.

Related Posts