പശ്ചിമ ബംഗാളിൽ ക്ഷേമപദ്ധതികളുടെ വിതരണരീതിയിൽ സമഗ്രമായ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ. മുൻ സർക്കാർ നടപ്പാക്കിയിരുന്ന ‘ലക്ഷ്മിർ ഭണ്ഡാർ’ പദ്ധതിക്ക് പകരമായി ‘അന്നപൂർണ യോജന’ നടപ്പാക്കുന്നതിനോടനുബന്ധിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്.

പദ്ധതിക്ക് അർഹരാകുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായവും സംസ്ഥാന സർക്കാർ ബസുകളിൽ സൗജന്യ യാത്രാസൗകര്യവും ലഭിക്കും. എന്നാൽ സർക്കാർ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ. മൂന്നോ അതിലധികമോ വിവാഹം ചെയ്തവരെ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു.

സർക്കാർ നിർദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്ക് നൽകാത്ത രക്ഷിതാക്കൾക്കും ക്ഷേമസഹായം ലഭിക്കില്ല. സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളെ മാറ്റി ചില മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ചേർക്കുന്ന കുടുംബങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ നിഷേധിക്കും. ഇന്ത്യൻ പൗരത്വമില്ലാത്തവർക്ക് സംസ്ഥാന ക്ഷേമപദ്ധതികളിൽ അർഹതയുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

അപേക്ഷ സമർപ്പിക്കുന്നവർ പൗരത്വ രേഖകൾ, റേഷൻ കാർഡ്, ഭൂമി, വീട്, വാഹനം ഉൾപ്പെടെയുള്ള സ്വത്തുവിവരങ്ങൾ, കുടുംബത്തിലെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ എന്നിവ നിർബന്ധമായും സമർപ്പിക്കണം. അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനാണ് ഈ പരിശോധനകളെന്ന് സർക്കാർ അറിയിച്ചു.

അധികാരമേറ്റതിന് ശേഷം ക്ഷേമമേഖലയിൽ നിരവധി പരിഷ്കാരങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. കേന്ദ്ര പദ്ധതികളായ ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ളവ സംസ്ഥാന സംവിധാനവുമായി ബന്ധിപ്പിക്കുന്നതും പൊതുസുരക്ഷയും ക്ഷേമവിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതുമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അധികൃതർ അറിയിച്ചു.

Related Posts