പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി ഉന്നയിച്ച പീഡനപരാതിയിൽ നിർണായക വഴിത്തിരിവ്. പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ആറു പേരെയും പൊലീസ് വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴിയും അന്വേഷണത്തിൽ ലഭിച്ച മറ്റ് വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് 10 പേർക്കെതിരെ പീഡനാരോപണം ഉന്നയിച്ചത്. തുടർന്ന് ഒരു പെൺകുട്ടി ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പീഡനമോ മർദനമോ നടന്നതിന് തെളിവുകൾ ലഭിച്ചില്ല. ഇതോടെ പരാതിയുടെ വിശ്വാസ്യതയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി.
അന്വേഷണത്തിൽ, സഹപാഠിയുമായുണ്ടായിരുന്ന പ്രണയബന്ധം രണ്ടാഴ്ച മുമ്പ് അവസാനിച്ചതായും, അതിൻ്റെ വൈരാഗ്യത്തിലാകാം പെൺകുട്ടി പരാതി നൽകിയതെന്നുമാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് തീരുമാനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.