പത്തനംതിട്ടയിലെ കോന്നിയിൽ 13 വയസ്സുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സഹപാഠികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർഥിനി സംഭവം അധ്യാപകരോടും കൗൺസിലർമാരോടും അറിയിച്ചത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികളിൽ ഒരാളുടെ വീട്ടിലും സ്കൂൾ പരിസരത്തും വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.